Thursday, June 9, 2016

ചുക്കുണ്ട അപ്പാപ്പൻ.!

*******************************
ഒരു കാലത്ത് , എന്റെ തലമുറയിലെ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാളുണ്ടായിരുന്നു.!!!
അപ്പാപ്പൻ.!! അദ്ദേഹത്തിന്റെ ഈ പേരുമാത്രമേ മിക്കവർക്കും ഇന്നും അറിയൂ.!! പക്ഷേ, ആ പേരു മാത്രം മതി, ഇന്നും അപ്പാപ്പനെ ഓർക്കാൻ..!!!
ഞാനൊക്കെ അപ്പാപ്പനെ കണ്ടു തുടങ്ങിയ കാലത്തു മുതൽ , അവസാനം കാണുന്നതു വരെ, ഒരു മാറ്റവുമില്ലായിരുന്നു.! ഉയരവും, വണ്ണവും, കുറവ്. കൈയുള്ള വെള്ള ബനിയനും , മുണ്ടും വേഷം. കഴുത്തിൽ ഒരു കറുത്ത ചരടിൽ കൊരുത്തിട്ടിരിയ്ക്കുന്ന ക്രിസ്തുദേവന്റെ ചിത്രം.!!
ഇത്രയേ ഉള്ളൂ അപ്പാപ്പൻ.!!!
സ്കൂളിനു മുൻപിൽ , കറുത്ത ചായമടിച്ച കിളിക്കൂടു പോലൊരു വളരേ ചെറിയ മാടക്കട നടത്തിയിരുന്ന അളാണ്‌ അപ്പാപ്പൻ.!!
എന്നും , മുടിഞ്ഞ തിരക്കാണ്‌ കടയിൽ.!! കസ്റ്റമേഴ്സ് കൂടുതലാണെങ്കിൽ, സഹായത്തിന്‌ അപ്പാപ്പന്റെ ഭാര്യ അഥവാ അമ്മാമ്മയും കടയിൽ ഉണ്ടാകും..!!
അപ്പാപ്പന്റെ കടയിൽ വിലപിടിപ്പുള്ളതൊന്നുമില്ലായിരുന്നു..!! അന്ന് , അമ്പതു രൂപ റെഡി ക്യാഷ് കയ്യിലുണ്ടെങ്കിൽ, അപ്പാപ്പന്റെ കട മൊത്തം വാങ്ങാം. അതിനുള്ള സാധങ്ങളേ കടയിൽ വില്പ്പനയ്ക്ക് ഉണ്ടായിരുന്നുള്ളൂ..!!
ചെറിയ കുറച്ച് പ്ലാസ്റ്റിക് കവറുകൾ , ചാക്കു ചരടിൽ കൊരുത്ത് ഇട്ടിട്ടുണ്ടാകും. ഒരു പലകയിൽ രണ്ടുമൂന്നു ചില്ലു ഭരണികളും.!!! അതിലെല്ലാം, രുചിയൂറുന്ന വിവധയിനം മിഠായികളായിരുന്നു..!!!!
ഇരുപതു പൈസാ തുട്ടിന്റെ രൂപവും വലിപ്പവും , മണ്ണിന്റെ നിറവുമുള്ള ഒരു ഐറ്റം ഉണ്ടായിരുന്നു. പിട്ട് എന്നാണ്‌ അതിന്റെ പേര്‌.വർണ്ണിയ്ക്കാൻ കഴിയാത്ത ഒരു തരം പ്രത്യേക രുചിയായിരുന്നു പിട്ടിന്‌. ഒന്നിന്‌ 10 പൈസയായിരുന്നു വില.!!
10 പൈസ കൊടുത്ത് രാവിലെ ഒരു പിട്ടു വാങ്ങിയാൽ പിന്നെ,,, ഉച്ച വരെ തിന്നാം.!! കടിച്ചാലും പൊട്ടില്ല. അലിയുകയുമില്ല എന്നതായിരുന്നു പിട്ടിന്റെ മാഹാത്മ്യം.!!
പിന്നത്തെ പ്രധാനിയായിരുന്നു ചുക്കുണ്ട.!!
പേരു പോലെ തന്നെ, ചുക്കും അരിപ്പൊടിയോ/ ഗോതമ്പു പൊടിയോ ചേർത്ത് ഉണ്ടാക്കുന്ന, ചെറിയ ഉണ്ടയാണ്‌ ചുക്കുണ്ട.!! ഒന്നിന്‌ ഒരു പൈസ. 10 പൈസക്ക് 10 ചുക്കുണ്ട. 1രൂപയ്ക്ക് നൂറു ചുക്കുണ്ട.!!! ഹോഹ് ഭയങ്കരം...!!!
അന്നത്തെ കാലത്ത് , ഒരു രൂപയൊക്കെ രൊക്കം മറിയ്ക്കാൻ പാടായിരുന്നു. എന്നാലും , ചില പ്രമാണികളായ കൂട്ടുകാരുടെ കൂടെപ്പോയി ഒരു രൂപയ്ക്ക് ചുക്കുണ്ട വാങ്ങാറുണ്ടായിരുന്നു..!!!
വലം കയ്യിൽ നിന്നും ഇടം കയ്യിലേക്ക് പകർന്ന് , ചുക്കുണ്ടയിൽ നിന്ന് കണ്ണുകൾ മാറ്റാതെ , അപ്പാപ്പൻ 100 എണ്ണിക്കഴിയുമ്പോളേയ്ക്കും ഏകദേശം 15 മിനിറ്റാകും.!! ചിലപ്പോൾ രണ്ടാമതും എണ്ണി നോക്കും..!!
ആ നേരമത്രയും, ഞങ്ങൾ ഉമിനീരിറക്കി വായും പിളർന്ന് നില്ക്കും..!!!
ചില തല തെറിച്ചവന്മാർ, (വല്ലപ്പോളും ഞാനും) എണ്ണുന്നതിനിടയിൽ അതുമിതും ചോദിച്ച് അപ്പാപ്പനെ ആകെ കൺഫ്യൂസാക്കും.!! എണ്ണം ആകെ തെറ്റും..!!
'നീയൊന്നും കണക്കിലാവില്യടാ'എന്നു പ്രാകികൊണ്ട്, അപ്പാപ്പൻ ഒരു വിധം എണ്ണിത്തീർക്കും..!!
എണ്ണം തെറ്റി മൂന്നാലു ചുക്കുണ്ടകൾ ഫ്രീയായ് കിട്ടിയ സംഭവങ്ങളുണ്ട്.!! അതിനാണ്‌ എണ്ണുന്ന നേരത്ത് അപ്പാപ്പനെ വട്ടാക്കുന്നത്..!!!
100 ചുക്കുണ്ട എന്നു പറഞ്ഞാൽ, എന്റെ ബട്ടൻസ്സില്ലാത്ത നീല ട്രവ്സ്സറിന്റെ രണ്ടു കീശയിലും നിറച്ച് ഇടാനുള്ള മൊതലുണ്ടാകും..!! അതിങ്ങനെ ഓരോന്നിങ്ങനെ തിന്നു തിന്നും, ചുക്കുണ്ട വാങ്ങാൻ ഗതിയില്ലാത്തവന്റെ മുഖത്തു നോക്കി, ചുക്കുണ്ട 'ക്ടും' എന്ന് കടിച്ച് പൊട്ടിച്ചുമൊക്ക കഴിഞ്ഞു പോയത്, ഒരുപാടു വർഷങ്ങളായിരുന്നു..!!!
പല്ലൊട്ടി, തേനിലാവ്, ഉണ്ടമ്പൊരി, പുളി മുട്ടായി എന്നിങ്ങനെ, 10 പൈസ ബജറ്റിൽ ഒതുങ്ങുന്ന ഒരു പാട് സാധങ്ങൾ അപ്പാപ്പന്റെ കടയിൽ ഉണ്ടായിരുന്നു..!!
പക്ഷേ..'കോടികളുടെ' ബിസിനസ്സ് നടന്നിരുന്നത് ചുക്കുണ്ടയിലും, പിട്ടിലുമായിരുന്നു..!!!
കാശിനു പകരം ,നേരേ ചൊവ്വേ കണ്ണുകാണാത്ത അപ്പാപ്പന്‌ ഇരുമ്പിന്റെ വാഷർ കൊടുത്തു പറ്റിച്ചിരുന്നു ചിലർ..!!
വഞ്ചനയല്ല.!! ചുക്കുണ്ട തിന്നാനുള്ള കൊതി കൊണ്ട്.!!!
പിന്നീട് വർഷങ്ങൾക്കു ശേഷം എന്നോ... ഒരു ദിവസം അപ്പാപ്പന്റെ കടയും, അപ്പാപ്പനും അപ്രത്യക്ഷമായി..!!
വികസനം വന്നുവത്രെ.!! അതിന്റെ ഭാഗമായ് അപ്പാപ്പന്റെ കടയെടുത്ത് ദൂരെയെറിഞ്ഞു..!!!
ഒന്നു രണ്ടു തവണ, എന്നോ പിന്നെയും അപ്പാപ്പനെ വഴിയരികിൽ കണ്ടിരുന്നു. അവശനായിരുന്നു അപ്പാപ്പൻ.!! വർഷങ്ങൾക്കു മുൻപ് മരിച്ചു പോയെന്നും പിന്നീടറിഞ്ഞു...!
ആപ്പിൾ , മൈക്രോസോഫ്റ്റ് എന്നൊക്കെ പറയുന്നതു പോലെ , ഒരു ബ്രാൻഡ് നെയിമായിരുന്നു അപ്പാപ്പൻ..!!
ഇന്നും , അപ്പാപ്പന്റെ ചുക്കുണ്ട എന്നു പറഞ്ഞാൽ , അതിനോടു കൂട്ടിപ്പറയാൻ ആയിരം കഥകൾ ഉള്ളിൽ സൂക്ഷിച്ചു വച്ചിരിയ്ക്കുന്ന നൂറുകണക്കിനു ആളുകൾ പലയിടങ്ങളിലുമുണ്ട്..!! ഈ പോസ്റ്റിനു താഴെയും ചിലർ വന്നേക്കാം.!!
പത്തു പൈസക്ക് പകരമായ്, അപ്പാപ്പൻ ബാക്കി വച്ചിട്ടു പോയത്... ഇത്തരം ചില മധുരമുള്ള ഓർമ്മകളാണ്‌.!!
അന്ന്... പറയാനുള്ള വിവരവും, ബോധവും ഇല്ലായിരുന്നു.!! അതിന്നു പറയുന്നു.!! ലവ് യൂ അപ്പാപ്പാ..!!!

No comments:

Post a Comment