Thursday, June 9, 2016



പുണ്യാളനു കിട്ടാത്ത മെഴുകു തിരി..!!!


-----------------------------------------------------
വർഷങ്ങൾക്കു മുൻപ് ഒരു ദിവസം , എട്ടാം ക്ലാസ്സിലെ ഫിസിക്സ് പിര്യഡ്.
ഞാനടക്കമുള്ള സകലരും, പേടിച്ചു വിറച്ച് കണ്ണും തള്ളി , വായും തുറന്ന് ഇരിപ്പാണ്‌.!
സ്കൂളിനു മുൻപിലുള്ള പള്ളിയിൽ, കുന്തവും പിടിച്ച് കുതിരപ്പുറത്തിരിക്കുന്ന സെയിന്റ് ജോർജ്ജ് പുണ്യാളനെ , എനിക്ക് വ്യക്തിപരമായ് അടുത്തറിയാവുന്നതു കൊണ്ട് കയ്യോടെ.. ഒരു മെഴുകു തിരി, ഞാൻ രണ്ടു മിനിറ്റു മുൻപ് നേർന്നിരുന്നു..!!!
ക്ലാസ്സിൽ, ഇന്ന് ചോദ്യോത്തരമാണ്‌. അതും.. ഒരു വഹ അറിയാത്ത ഫിസിക്സ്.! യാതൊരു ദയാ ദാക്ഷണ്യവുമില്ലാതെ ഞങ്ങളെ പൊതിരെ തല്ലുന്ന ടീച്ചറാണ്‌ ക്ലാസ്സ് നയിക്കുന്നത്.!
ആർക്കാണ്‌ നറുക്കു വീഴുന്നത് എന്ന് ഒരു പിടിയുമില്ല.!! ടീച്ചർക്കു തോന്നിയ പോലെ ആരോടു വേണമെങ്കിലും , ഇതു വരെ പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും, ഏതു ചോദ്യവും ചോദിക്കാം..!!
ഉത്തരം.. കടുകുമണിക്ക്, ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ തെറ്റിയാൽ....ഞമ്മളും ഇഞ്ചനും, തവിട് പൊടി..!!
എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ഇരിയ്ക്കുകയാണ്‌. ഒരു സൂചി നിലത്തു വീണാൽ കേൾക്കാം എന്നു പറയുന്ന , ഒരു വക പേടിപ്പിയ്ക്കുന്ന നിശബ്ദത.!!!
ടീച്ചർ ടെക്സ്റ്റ് ബുക്ക് തുറന്നു. ഏതോ ഒരു പേജ് തുറന്നു കണ്ണോടിച്ച് , ആദ്യത്തെ ചോദ്യം ഒരു ഹതഭാഗ്യനു നേരെ എറിഞ്ഞു..!!!
ഞങ്ങൾ എല്ലാവരും, കണ്ണുകൾ കൊണ്ട് ആ സഹപാഠിയ്ക്ക് ആദരാഞ്ജലികൾ നേർന്നു..!!!
ഉത്തരം പറയാൻ കടമപ്പെട്ടവൻ , മുകളിലേക്ക് നോക്കി ഉത്തരത്തിലെ ഓട് എണ്ണി നില്ക്കുകയാണ്‌. ഇടയ്ക്കിടെ ഇന്നസെന്റ് നോക്കുന്നതു പോലെ ഞങ്ങളേയും നോക്കുന്നുണ്ട്.! ഒന്നും പറയുന്നില്ല. അറിഞ്ഞാലല്ലേ പറയൂ..?
ലവന്റെ , ആ പ്രകടനം കണ്ട് , ടീച്ചർ പുസ്തകം മേശയിൽ വച്ചു. ഇടതു കയ്യിലെ വാച്ച് പതിയെ ഊരിയെടുത്ത് അതും മേശയിൽ വച്ചു..!!
ഒറ്റയടിക്ക് , രാജവെമ്പാല പോലും ചത്തു പോകുന്ന ജാതി, ഒരു വടി മേശയിൽ നിന്നെടുത്ത് , ഒരു തിരക്കുമില്ലാതെ പതിയെ ഓട് എണ്ണുന്ന ആ മഹാന്റെ അടുത്ത് നടന്നെത്തി ശാന്തയായ് പറഞ്ഞു.!!
''ഊം.. കൈ നീട്ട്''.
അവൻ വലം കൈ നീട്ടി. കണ്ണുകൾ അപ്പോളും ഓടിൽ തന്നെ..!!
ടീച്ചർ അടി തുടങ്ങി ..!!! 'വൂ..ഷ്......' 'ട്ടാ'...
ഇങ്ങനൊരു ആറെണ്ണം ഞാൻ എണ്ണി.! തല്ലു വാങ്ങിക്കൂട്ടുന്നവൻ, 'മ്മേ.. ഈ'.. എന്നൊക്കെ വിവിധ കാളർ ട്യൂണുകൾ ഉപയോഗിക്കുന്നുണ്ട്.!!
അവന്റെ ക്വോട്ട കഴിഞ്ഞു. ടീച്ചർ വീണ്ടു ടെക്സ്റ്റ് ബുക്ക് കയ്യിലെടുത്തു..!!അടുത്ത ചോദ്യം ദിപ്പൊ വരും..!!!
ഞാൻ പുണ്യാളന്റെ മെഴുകുതിരി, ഒരെണ്ണം കൂടി കൂട്ടി ഓഫർ കൊടുത്തു..!!!
ടീച്ചർ ചോദ്യം ചോദിയ്ക്കാൻ തുനിഞ്ഞതും, വാതില്ക്കൽ ഒരു വിളി..!!!
''ടീച്ചറേ''.......!!
പ്യൂൺ രവി ചേട്ടനാണ്‌. എന്തോ അറിയിപ്പുമായ് വന്നതാണ്‌..!!!
''ആ...പച്ചക്കറി വിത്ത് വാങ്ങാൻ പേരു കൊടുത്തിട്ടുള്ള പിള്ളേരോടൊക്കെ വരാൻ പറഞ്ഞു.!! ഒരു ചെറിയ ക്ലാസ് ഉണ്ടാകും. അതു കഴിഞ്ഞാൽ വിത്തു വിതരണം''..!!
അതു കേട്ടതും , സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു..!!
'യുറേക്കാ..... പുണ്യാളാ...!! ഞാനും പേരു കൊടുത്തിട്ടുണ്ട്. വെണ്ട വിത്തും, പയറു വിത്തും വാങ്ങാൻ'. വെണ്ട കൃഷി ചെയ്താൽ തല്ലു കിട്ടില്ലെന്ന് , ആദ്യമായ് ഞാൻ മനസ്സിലാക്കി..!!
വതില്ക്കൽ വന്നു നില്ക്കുന്ന രവി ചേട്ടന്റെ കയ്യിൽ, ഒരു കുന്തവും, അടിയിൽ ഒരു വെള്ളക്കുതിരയും തെളിഞ്ഞു വന്നു. പുണ്യാളന്റെ ഓരോ കളികൾ..!!
ഞങ്ങൾ, ഏകദേശം എട്ടുപേർ പരോൾ തടവുകാരെപ്പോലെ നിഷ്കളങ്കമായ് പുഞ്ചിരിച്ചു കൊണ്ട് വിത്തു വാങ്ങാൻ , ക്ലാസ്സിനു പുറത്തിറങ്ങി..!!
പച്ചക്കറി കൃഷി ചെയ്യാൻ മനസ്സില്ലാതെ , വെറുതേ തല്ലു വാങ്ങിക്കുട്ടാൻ പോകുന്ന പാവങ്ങളെ ഓർത്ത് എനിക്കു ചിരിപൊട്ടി..!!
എന്റെ ചിരി തീർന്നതും , ടീച്ചറുടെ ഡയലോഗ് എത്തി..!!
''കൃഷിക്കാര്‌ പോകാൻ വരട്ടെ, എല്ലാവരോടും പെട്ടന്ന് ഓരോ ചോദ്യം ചോദിച്ചു വിടാം. ഉത്തരം പറഞ്ഞിട്ടു പൊക്കൊ...''!!!
സകല കൃഷിക്കാരും, ആഞ്ഞു ഞെട്ടി..!! ഞാൻ പുണ്യാളനെ മനസ്സിൽ തെറി വിളിച്ചു.!!
ടെക്സ്റ്റ് നോക്കാതെ, ഒരേ ഒരു ചോദ്യം മാത്രം ടീച്ചർ ചോദിച്ചു. ഒറ്റ കർഷകർക്കും ഉത്തരം അറിയില്ല..!!!
ടീച്ചർ ,നേരം കളയാതെ കർഷകരെ വരിവരിയായ് നിർത്തി ഒരു ചെറിയ വെടിക്കെട്ട് നടത്തി.!!! ട്ടേ..ട്ടേ..ട്ടേ...!!!
ആ..കെ ഒരു വെടിയും ,പുകയും മാത്രം ഓർമ്മയുണ്ട്..!!
പുകയടങ്ങിയതും ടീച്ചർ, ''ഇനി പോയി പച്ചക്കറി വിത്ത് വാങ്ങിച്ചൊ''..!!
''ഇനി എന്തൂട്ട്ണാ പച്ചക്കറി വിത്ത്.? കിട്ടീല്യേ''..? എന്നും പറഞ്ഞ്, കൂട്ടത്തിൽ ഒരുത്തൻ, അകത്തു കയറി ബഞ്ചിൽ ഇരിപ്പായി.!
അടി കൊണ്ട് ,ഇലയില്ലാത്ത ചാമ്പയ്ക്കാ മരം പോലെ ചുവന്നു തുടുത്ത എന്റെ സുന്ദരമായ കൈ നോക്കി ഞാനും, മറ്റുള്ളവരും വിത്തു വാങ്ങാൻ നടന്നു..!!
സ്കൂൾ വിട്ടു പോകും നേരം, ദൂരെ നിന്ന് പള്ളിമുറ്റത്തുള്ള പുണ്യാളനെ ഒന്നു ദയനീയമായ് നോക്കി. 'എന്നാലും, ന്റെ പുണ്യാളാ..? യു റ്റൂ..'.?

No comments:

Post a Comment