Thursday, June 9, 2016

രാജ്ദൂത് എന്ന വളർത്തു മൃഗം.!!

-----------------------------------------------
ഒരു പഴയ രാജ്ദൂത് ബൈക്ക് ഉണ്ടായിരുന്നു , എന്റെയൊരു മരപ്പണിക്കാരൻ ചങ്ങാതിയ്ക്ക്.!!
അവൻ, നാലു പൊറോട്ടയുടെ കാശിന്‌, എന്നോ വാങ്ങിയതാണ്‌.! ബുക്ക്, പേപ്പർ, ഇൻഷുറൻസ് തുടങ്ങിയ ആർഭാടങ്ങൾ ഒന്നുമില്ല.!!
ലൈറ്റ് ,ഹോൺ, ബ്രേക്ക് തുടങ്ങിയ അനാവശ്യങ്ങളുമില്ല.!!
അവനു ലൈസൻസ്സുമില്ല.!!!
ആകെയുള്ളത് , എന്റെ ചങ്ങാതി, സ്വന്തം കൈ കൊണ്ട്
പ്ലാവിൻ തടിയിൽ നിന്നും കടഞ്ഞെടുത്ത, ഗദ പോലിരിക്കുന്ന ഒരു സാധനമാണ്‌.! അത് നട്ടുബോൾട്ട് ഇട്ട് , ക്രാഷ് ഗാർഡായി വണ്ടിയിൽ പിടിപ്പിച്ചിട്ടുണ്ട്.!!!
വണ്ടിയാണെങ്കിൽ , ചില തറവാട്ടിൽ പിറന്ന നായയെ പോലെയാണ്‌. അവൻ വിളിച്ചാലേ ഓടൂ, സ്റ്റാർട്ട് ആകൂ. നില്ക്കൂ എന്നൊക്കെ വലിയ നിർബന്ധമായിരുന്നു വണ്ടിയ്ക്കും.!!
ഒരു ചക്രം വലത്തോട്ടും, ഇനിയൊരു ചക്രം ഇടത്തോട്ടും കോടിയാണ്‌ ഇരിയ്ക്കുന്നത്. ഫലത്തിൽ.. റോഡിൽ ഒരു കുഴി കണ്ടാൽ വണ്ടി നേരെ ഓടിക്കണം. വളയ്ക്കരുത്.!!
ഒരു ചക്രം കുഴിയുടെ വലതും , മറ്റേത് ഇടതുമായ് കടന്നു പോയി, വണ്ടി കുഴിയിൽ ചാടാതെ പോകും.!!
ഒരു ദിവസം, കവലയിൽ വച്ച് ട്രിപ്പിൾസ്സ് സഹിതം രാജ്ദൂതിനെ പോലീസ്സു പിടിച്ചു.!!!
കാല്കുലേറ്ററിൽ കണക്കു നോക്കിയപ്പോൾ,ഏകദേശം 3500 രൂപ പിഴ അടയ്ക്കണം..
സ്റ്റേഷനിൽ വന്ന് കാശടച്ച് വണ്ടി എടുത്തോളാൻ പോലീസ്സേമാൻ ഉത്തരവിട്ടു.!!!
ഇതു കേട്ടതും, എന്റെ ചങ്ങാതി ഒന്നു പുഞ്ചിരിച്ചു. ''ശരി... വണ്ടി സാറ്‌ കൊണ്ടക്കൊ.. ഞാൻ വരാം'' എന്നും പറഞ്ഞ് കൈയ്യും കെട്ടി നില്പ്പായി..!!!
പോലീസ്സുകാരൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രാജ്ദൂത് സ്റ്റാർട്ടാകുന്നില്ല..!!!ജീപ്പിലുള്ള സകല പോലീസ്സുകാരും ഇറങ്ങി വന്ന് അവരവരുടെ കയ്യൂക്ക് പ്രയോഗിച്ചു നോക്കി. നോ രക്ഷ.!!
ചില നാട്ടുകാരും, ഒന്നു ശ്രമിച്ചു നോക്കി. അതും നോ രക്ഷ..!!
അവസാനം, പോലീസ്സുകാരൻ അടവു മാറ്റി.
''3500 ഇവ്ടെ അടച്ച് പൊക്കൊ''.. എന്നായി..!!!
അതിന്‌ ,കൂട്ടുകാരന്റെ മറുപടി കേട്ട് പോലീസ്സുകാരൻ ആദ്യം ഒന്നു ഞെട്ടി..!!
''ന്റെ സാറെ..ഇതുമ്മെ വെല ഒള്ള ആകൊരു സാനം.. ആ പ്ലാവും കഷ്ണാ..!! ഒരു നൂറുവ്വ്വ ഇങ്ങട് തന്ന്ട്ട്, വണ്ടി സാറന്നെ എട്ത്തൊ''..!!.
ആ ഞെട്ടൽ, പിന്നീടൊരു പുഞ്ചിരിയായി.!! മീശയുടെ തുമ്പ് പിരിച്ച് SI വരെ ചിരിച്ചു..!!! 'ബു ഹു ഹു'..!!
''നിന്ന്യൊന്നും പർഞ്ഞിട്ട് ഒരു കാര്യല്ലടാ.. ഇതിനിം കൊണ്ട് നീ വേം വീട്ടീപ്പൊക്കൊ'' എന്ന് SI പറഞ്ഞതും,
ഒറ്റയടിക്ക് രാജ്ദൂത് സ്റ്റാർട്ടാക്കി ചങ്ങായി പറന്നു..!! പോലീസുകാർ, ആരാധനയോടെ അവന്റെ പോക്കും, രാജ്ദൂതിന്റെ കട്ടപ്പുകയും കണ്ടു നിന്നു..!!

2 comments: